കൊച്ചി: സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ (84) കാലം ചെയ്തു. എറണാകുളം ലിസി ആസ്പത്രിയില്‍ ആയിരുന്നു അന്ത്യം. അതിരൂപതാ ആസ്ഥാനത്തെ ചാപ്പലില്‍ കുര്‍ബാന ചൊല്ലുന്നതിനിടെ ഉച്ചയ്ക്ക് 12 ന് അദ്ദേഹം തളര്‍ന്നു വീണിരുന്നു. തുടര്‍ന്ന് ലിസി ആസ്പത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദ്യോഗംമൂലം ഏറെക്കാലമായി ചികിത്സയിലായിരുന്നു.
കേരളത്തിലെ മൂന്നാമത്തെ കര്‍ദ്ദിനാള്‍ ആയിരുന്നു മാര്‍ വര്‍ക്കി വിതയത്തില്‍. 2001 ജനവരി 21 നാണ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ അദ്ദേഹത്തെ കര്‍ദ്ദിനാളായി നിയമിച്ചത്. ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയെ തിരഞ്ഞെടുത്ത കര്‍ദ്ദിനാള്‍മാരുടെ സംഘത്തില്‍ മാര്‍ വര്‍ക്കി വിതയത്തിലും ഉള്‍പ്പെട്ടിരുന്നു. ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
1927 മെയ് 29 ന് എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരിലാണ് ജനനം. ജസ്റ്റിസ് ജോസഫ് വിതയത്തില്‍, ത്രേസ്യാമ്മ എന്നിവരായിരുന്നു മാതാപിതാക്കള്‍. 1954 ല്‍ വൈദികനായ അദ്ദേഹം 1996 നവംബര്‍ 11 ന് എറണാകുളം അങ്കമാലി രൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററും 1997 ജനവരി ആറിന് ബിഷപ്പുമായി. 1999 ഡിസംബര്‍ 18 ന് അദ്ദേഹത്തെ മേജര്‍ ആര്‍ച്ചുബിഷപ്പായി മാര്‍പാപ്പ നിയമിച്ചു.
കര്‍ദ്ദിനാള്‍ വര്‍ക്കി വിതയത്തിലിന്റെ ഭൗതികശരീരം ആസ്പത്രിയില്‍
റോമിലെ സെന്റ് തോമസ് അക്വിനാസ് പൊന്തിഫിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്. കര്‍ണാടക യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് ബിരുദാനന്തര ബിരുദമെടുത്തത്. ബാംഗ്ലൂരിലെ വൈദിക സെമിനാരിയില്‍ 25 വര്‍ഷക്കാലം അധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കര്‍ദ്ദിനാള്‍ ജോസഫ് പാറേക്കാട്ടില്‍, ആന്റണി പടിയറ എന്നിവരുടെ പിന്‍ഗാമി ആയിരുന്നു അദ്ദേഹം.
ലിസി ആസ്പത്രിയില്‍ എംബാം ചെയ്തശേഷം അദ്ദേഹത്തിന്റെ ഭൗതികദേഹം അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആസ്പത്രിയിലേക്ക് മാറ്റും. റോമില്‍ മാര്‍പാപ്പയെ സന്ദര്‍ശിക്കുന്ന സഭയിലെ ബിഷപ്പുമാര്‍ ഏപ്രില്‍ പത്തിന് മടങ്ങിയെത്തിയശേഷമെ കബറടക്ക ശുശ്രൂഷകള്‍ നടക്കൂ. ഭൗതികദേഹം ഏപ്രില്‍ പത്തുവരെ ലിറ്റില്‍ ഫ്ലവര്‍ ആസ്പത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കും. ഫാ. ബോസ്‌കോ പുത്തൂരിന് സീറോ മലബാര്‍ സഭാ അഡ്മിനിസ്‌ട്രേറ്ററുടെ താല്‍ക്കാലിക ചുമതല നല്‍കുമെന്ന് സഭാ വക്താവ് ഫാ. പോള്‍ തേലക്കാട്ട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
No comments:
Post a Comment