About Me

My photo
Trichur / Mumbai, Kerala / Maharashtra, India

Wednesday, 3 March 2010

കൂരിയ മെത്രാന്മാരുടെ ദൗത്യങ്ങള്‍
Sunday Shalom and Sathyadeepam, February 2010 റവ.ഡോ. ഫ്രാന്‍സിസ്‌ എലുവത്തിങ്കല്‍

സീറോ മലബാര്‍ - സീറോ മലങ്കര സഭകളില്‍ നിയമിതരായിരിക്കുന്ന കൂരിയാ മെത്രാന്മാര്‍ അഭിഷിക്തരാകുന്നതോടെ പൗരസ്‌ത്യ കത്തോലിക്കാ സഭകളില്‍ നിലവിലുള്ള ആറു പാത്രിയാര്‍ക്കാ സഭകളിലും മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സഭകളിലും സഭാ ഭരണത്തില്‍ സഭാ തലവന്മാരെ സഹായിക്കാനായി കൂരിയ മെത്രാന്മാര്‍ ഉണ്ടാവുകയാണ്‌. പൗരസ്‌ത്യ സഭകളുടെ പൊതു നിയമസംഹിത (സി.സി.ഇ.ഒ) നിലവില്‍ വന്നിട്ട്‌ 20 വര്‍ഷമാകുന്ന ഈ വേളയില്‍ മലബാര്‍ - മലങ്കര സഭകളിലെ ഈ നിയമനങ്ങള്‍ ദൈവപരിപാലനയായേ കാണാനാകൂ. മാര്‍പാപ്പയെ സഹായിക്കാനായി വത്തിക്കാന്‍ കൂരിയായില്‍ വിവിധ ഓഫീസുകളിലായി അമ്പതോളം മെത്രാന്മാര്‍ സേവനം ചെയ്യുന്നുണ്ട്‌. ഇതിന്റെ വെളിച്ചത്തില്‍ വേണം പൗരസ്‌ത്യ സഭകളില്‍ പാത്രിയാര്‍ക്കീസുമാര്‍ക്കും മേജര്‍ ആര്‍ച്ച്‌ ബിഷപ്പുമാര്‍ക്കും സഭാ ഭരണത്തില്‍ സഹായിക്കാന്‍ മെത്രാന്മാരെ നിയമിക്കാനായി സഭാ നിയമം അനുവദിക്കുന്നതിനെ മനസിലാക്കാന്‍. വിവിധ പൗരസ്‌ത്യ സഭകളുടെ നിയമത്തിലൂടെ കടന്നുപോകുമ്പോള്‍ എ.ഡി 1736-ലെ മാരോനൈറ്റ്‌ സഭാ നിയമത്തിലാണ്‌ ആദ്യമായി ഇത്തരം മെത്രാന്മാരെപ്പറ്റി പറയുന്നതെങ്കിലും അന്ന്‌ കൂരിയാ മെത്രാന്‍ എന്ന വാക്ക്‌ ഉപയോഗിച്ചിട്ടില്ല.

പിന്നീട്‌ സിറിയന്‍ സഭയുടെ നിയമത്തിലും (1888), അര്‍മ്മേനിയന്‍ സഭയുടെ നിയമത്തിലും (1911) ഇത്തരം മെത്രാന്മാരെക്കുറിച്ച്‌ പ്രതിപാദിക്കുന്നു. 1957-ല്‍ പന്ത്രണ്ടാം പീയൂസ്‌ മാര്‍പാപ്പ പുറത്തിറക്കിയ cler i santitah എന്ന -Motu proprio ല്‍ ആണ്‌ ആദ്യമായി പൗരസ്‌ത്യ സഭകളിലെ കൂരിയാ മെത്രാന്മാരെക്കുറിച്ച്‌ പൊതു നിയമം ഉണ്ടാക്കിയത്‌. 1990-ലെ സി.സി.ഇ.ഒ.യിലും ഇക്കാര്യം വലിയ വ്യത്യാസം കൂടാതെ ആവര്‍ത്തിക്കുന്നു.
കൂരിയാ മെത്രാന്മാര്‍ സഭാ നിയമത്തില്‍

മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സഭയുടെ ഭരണക്രമം മുന്നോട്ടു കൊണ്ടുപോകുന്നത്‌ രണ്ട്‌ സംവിധാനങ്ങളിലൂടെയാണ്‌. മെത്രാന്മാരുടെ സിനഡും, മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കൂരിയായും. കൂരിയ സംവിധാനത്തില്‍ സ്ഥിരം സിനഡ്‌ കഴിഞ്ഞാല്‍ ഏറ്റവും പ്രാധാന്യമുള്ള സംവിധാനം കൂരിയ മെത്രാന്മാരുടേതാണ്‌. സഭയുടെ പൊതു ഭരണത്തില്‍ സിനഡിനെയും, മേജര്‍ ആര്‍ച്ച്‌ ബിഷപ്പിനെയും സഹായിക്കാനുള്ളവരാണ്‌ കൂരിയ മെത്രാന്മാര്‍. സി.സി.ഇ.ഒ പ്രകാരം ഒരു സഭയില്‍ ഉണ്ടാകാവുന്ന കൂരിയ മെത്രാന്മാരുടെ ഏറ്റവും ഉയര്‍ന്ന സംഖ്യ മൂന്നായി പരിമിതപ്പെടുത്തിയിരിക്കുന്നു. (സി. 87).

സഭാ ഭരണത്തില്‍ മേജര്‍ ആര്‍ച്ച്‌ ബിഷപ്പിന്റെ എല്ലാ അധികാരങ്ങളുമുള്ള ഒരു പ്രോട്ടോ സിഞ്ചെല്ലൂസ്‌ അഥവാ വികാരി ജനറാള്‍ ഉണ്ടാകുവാനോ, മേജര്‍ ആര്‍ച്ച്‌ ബിഷപ്പിന്റെ എല്ലാ അധികാരങ്ങളും ഒരു മെത്രാന്‌ മാത്രമായി ഏല്‍പിക്കുവാനോ സഭാനിയമം അനുവദിക്കുന്നില്ല. എന്നാല്‍ മൂന്ന്‌ മെത്രാന്മാര്‍ക്കുമായി കുറെ ഉത്തരവാദിത്വങ്ങള്‍ ഏല്‍പിക്കുവാന്‍ നിയമതടസമൊന്നുമില്ല. സ്വ ന്തം അധികാരം ഉപയോഗിച്ച്‌ ശുശ്രൂഷ ചെയ്യുവാന്‍ കൂരിയാ മെത്രാന്മാര്‍ക്ക്‌ സാധിക്കില്ല എന്നത്‌ രൂപതാ മെത്രാന്മാരില്‍ നിന്നും കൂരിയ മെത്രാന്മാരെ വ്യത്യസ്‌തരാക്കുന്നു. ഒരു മേജര്‍ ആര്‍ച്ച്‌ ബിഷപ്പി ന്‌ തന്റെ അധികാരങ്ങളില്‍ ഏതെല്ലാം കൂരി യ മെത്രാന്മാ രെ ഏല്‌പിക്കാം എന്ന്‌ തീരുമാനിക്കാനുള്ള അവകാശമുണ്ട്‌. അതിന്‌ മെത്രാന്‍ സിനഡിന്റെ അനുവാദം ആവശ്യമില്ലെങ്കിലും സിനഡുമായി ധാരണയുണ്ടായാല്‍ വള രെ നല്ലതു തന്നെ. നിയമസംഹിത അനുസരിച്ച്‌ സഭാഭര ണ സംബന്ധമായ തീരുമാനങ്ങള്‍ മേജര്‍ ആര്‍ച്ച്‌ ബി ഷപ്‌ കൈകൊള്ളുന്നതിന്‌ മുമ്പ്‌ അദ്ദേഹം കൂരിയ മെത്രാന്മാരുടെ ഉപദേശം തേടണമെന്ന്‌ അനുശാസിക്കുന്നുണ്ട്‌. ഉദാഹരണത്തിന്‌ സിവില്‍ ഭരണാധികാരികളുമായി ബ ന്ധപ്പെട്ടതോ, രൂപതകളുമായി ബന്ധപ്പെട്ടതോ ആയ കാ ര്യങ്ങളില്‍ അത്യാവശ്യ തീരുമാനങ്ങള്‍ കൈക്കൊള്ളേ ണ്ടി വരുമ്പോള്‍ സ്ഥിരം സിനഡ്‌ വിളിച്ചുകൂട്ടി തീരുമാനം എടുക്കാന്‍ മാത്രം സാവകാശമില്ലാത്ത സാഹചര്യത്തില്‍ കൂരിയ മെത്രാന്മാരോട്‌ ഉപദേശം തേടിവേണം മേജര്‍ ആര്‍ച്ച്‌ ബിഷപ്പിന്‌ തീരുമാനം എടുക്കാന്‍. (സി 100) ഇതുപോലെ ഉപദേശം ആരായേണ്ട മറ്റു സാഹചര്യങ്ങളെ പറ്റി നിയമസംഹിത വ്യക്തമാക്കുന്നുണ്ട്‌. (സി.സി 220,3,232 83)

മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ രാജി വയ്‌ക്കുകയോ മരണപ്പെടുകയോ ചെയ്യുന്നത്‌ വഴി സഭാ തലവന്റെ സ്ഥാനം ഒഴിവായാല്‍ കൂരിയ മെത്രാന്മാരില്‍ മെത്രാന്‍പട്ടത്തില്‍ ഏറ്റവും സീനിയര്‍ ആയ മെത്രാനാകും സഭയുടെ താല്‌ക്കാലിക ഭരണാധികാരി. (സി. 127). പുതിയ മേജര്‍ ആര്‍ച്ച്‌ ബിഷപിനെ തിരഞ്ഞെടുക്കുന്ന സിനഡു വരെ അദ്ദേഹം തല്‍സ്ഥാനത്ത്‌ തുടര്‍ന്ന്‌ നിയമം അനുശാസിക്കുന്ന കാര്യങ്ങള്‍ ചെയ്യണം ( സി.128). ഈ താല്‌ക്കാലിക ഭരണാധികാരിയാണ്‌ സഭയുടെ തലവന്റെ സ്ഥാനം ഒഴിവായതിനെക്കുറിച്ച്‌ മാര്‍പാപ്പയെയും മറ്റ്‌ മെത്രാന്‍മാരെയും അറിയിക്കേണ്ടത്‌. മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സഭയുടെ ആസ്ഥാനത്ത്‌ കൂരിയ മെത്രാന്മാര്‍ക്ക്‌ ഓഫീസും താമസസ്ഥലവും ഉണ്ടെന്ന്‌ ഉറപ്പു വരുത്താനും, അവരുടെ ജീവസന്ധാരണത്തിന്‌ ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്‌തു കൊടുക്കുവാനുമുള്ള ഉത്തരവാദിത്വം മേജര്‍ ആര്‍ച്ച്‌ ബിഷപ്പിനാണ്‌. മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ തന്നെയാണ്‌ കൂരിയ മെത്രാന്മാര്‍ക്ക്‌ മെത്രാന്‍ പട്ടം കൊടുക്കുന്നത്‌. (സി. 87). കൂരിയ മെത്രാന്‍ ഏതെങ്കിലും സ്ഥാനിക രൂപതുടെ സ്ഥാനിക (titular) മെത്രാനായിട്ടാണ്‌ അവരോധിതനാകുക (സി. 179).

കൂരിയ മെത്രാന്മാരുടെ തിരഞ്ഞെടുപ്പ്‌
രൂപത മെത്രാന്മാരെപ്പോലെതന്നെ കൂരിയ മെത്രാന്മാരെയും തിരഞ്ഞെടുക്കുന്നത്‌ മെത്രാന്മാരുടെ സിനഡാണ്‌. (സി. 110 3). മേജര്‍ ആര്‍ച്ച്‌ ബിഷപ്പിനോടൊത്ത്‌ പ്രവര്‍ത്തിക്കാന്‍ ഉള്ളവര്‍ എന്ന നിലയില്‍ മേജര്‍ ആര്‍ച്ച്‌ ബിഷപ്പിന്റെ മനസിനിണങ്ങിയ വ്യക്തികള്‍ ആകണം എന്നതില്‍ ഒരു പക്ഷം ഇല്ല. എന്നാല്‍ ഈ സ്ഥാനത്തേക്ക്‌ തിരഞ്ഞെടുക്കപ്പെടുവാനുള്ളവരുടെ പേര്‌ നിര്‍ദ്ദേശിക്കാന്‍ സഭയിലെ എല്ലാ മെത്രാന്മാര്‍ക്കും അവകാശമുണ്ട്‌. പേരുകള്‍ അടങ്ങുന്ന പട്ടികയില്‍ നിന്ന്‌ കൂരിയ മെത്രാന്മാരെ തിരഞ്ഞെടുക്കണം എന്ന്‌ നിയമം അനുശാസിക്കുന്നു. കൂരിയ മെത്രാന്മാരെ മറ്റ്‌ രൂപതകളിലേക്കും രൂപതാ മെത്രാന്മാരെ കൂരിയ മെത്രാന്മാരായും മാറ്റം കൊടുക്കുവാനായി സഭാ നിയമം അനുവദിക്കുന്നുണ്ട്‌ (സി. 85). മെത്രാന്മാരുടെ സിനഡില്‍ സംബന്ധിക്കുവാനും മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിയില്‍ സംബന്ധിക്കുവാനും കൂരിയ മെത്രാന്മാര്‍ക്ക്‌ നിയമത്താല്‍ തന്നെ സാധിക്കും. മേജര്‍ ആര്‍ച്ച്‌ ബിഷപ്പിന്റെ സ്ഥാനം ഒഴിവായാല്‍ സഭയുടെ താല്‌ക്കാലിക ഭരണാധികാരി ആയി എല്ലാ കാര്യങ്ങളും ചെയ്യണം എന്നതുകൊണ്ട്‌ കൂരിയ മെത്രാന്മാരില്‍ പ്രായത്തില്‍ സീനിയര്‍ എങ്കിലും സ്ഥാനിക ആര്‍ച്ച്‌ ബിഷപ്പായിരിക്കുന്നതും നല്ലതാണ്‌.

കൂരിയ മെത്രാന്മാരുടെ ശുശ്രൂഷാ സാധ്യതകള്‍
സഭയുടെ തലവന്‍ എന്ന രീതിയില്‍ മേജര്‍ ആര്‍ച്ച്‌ ബിഷപ്പിന്‌ ഭാരിച്ച ഉത്തരിവാദിത്വങ്ങള്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍ താമസിക്കുന്ന സഭാ തനയരോട്‌ ഉണ്ടെന്നിരിക്കെ സഭാ ഭരണത്തില്‍ വ്യത്യസ്‌തങ്ങളായ ശുശ്രൂഷകള്‍ ചെയ്യുവാന്‍ കൂരിയ മെത്രാന്മാര്‍ ഉണ്ടാകുന്നത്‌ അഭിലഷണീയം തന്നെ. വ്യക്തമായ കാഴ്‌ചപ്പാടുകളും ഉത്തമബോധ്യങ്ങളുമുള്ള കൂരിയ മെത്രാന്മാരുടെ സഹായത്തോടെ സഭയ്‌ക്ക്‌ അതിവേഗത്തില്‍ ബഹുദൂരം സഞ്ചരിക്കാനാകും. വത്തിക്കാന്‍ കൂരിയയുടെ മാതൃകയില്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സഭയുടെ കൂരിയ മെത്രാന്മാര്‍ക്ക്‌ വിവിധ ദൗത്യങ്ങള്‍ ഏല്‍പ്പിക്കുന്നത്‌ സഭയുടെ പൊതു വളര്‍ച്ചയ്‌ക്ക്‌ മുതല്‍ക്കൂട്ടാകും. മൂന്ന്‌ മെത്രാന്മാര്‍ കൂരിയായില്‍ പ്രവര്‍ത്തിക്കുന്നു എന്ന വിധത്തില്‍, (1) ഭരണനിര്‍വ്വഹണ വിഭാഗം (2) വിശ്വാസ സംബന്ധമായ വിഷയങ്ങള്‍ക്കുള്ള വിഭാഗം, (3) മാനവശേഷിക്കുവേണ്ടിയുള്ള വിഭാഗം എന്നിങ്ങനെ മൂന്നായി തിരിക്കാം. ഓരോ വിഭാഗത്തിനും ശുശ്രൂഷ ചെയ്യാവുന്ന മേഖലകള്‍ വിഭാഗത്തില്‍ സേവനം ചെയ്യുന്ന വ്യക്തികള്‍ വിഭാഗത്തിന്റെ പ്രസിഡന്റ്‌ ആയ മെത്രാന്റെ ഉത്തരവാദിത്വങ്ങള്‍ എന്നിവ വ്യക്തമായി തന്നെ തരംതിരിക്കുന്നത്‌ സഭയുടെ നന്മയ്‌ക്ക്‌ ഉപകരിക്കും. ഒരു മേജര്‍ ആര്‍ച്ച്‌ ബിഷപ്പിന്‌ തന്റെ തന്നെ അധികാരത്താല്‍ തന്റെ സഭയ്‌ക്ക്‌ വേണ്ടി പ്രത്യേക നിയമം ഉണ്ടാക്കുവാന്‍ കഴിയില്ലെങ്കിലും തന്റെ ചില ദൗത്യങ്ങള്‍ കൂരിയ മെത്രാന്മാര്‍ക്ക്‌ ഏല്‍പിക്കാനായി ചില ധാരണകള്‍ ഉണ്ടാക്കാവുന്നതാണ്‌. ഈ ധാരണകള്‍ക്ക്‌ മെത്രാന്‍ സിനഡിന്റെ കൂടി അംഗീകാരം ഉണ്ടെങ്കില്‍ ഏറ്റവും നല്ലത്‌. മൂന്ന്‌ വിഭാഗങ്ങളുടെ ദൗത്യങ്ങളെ ഇപ്രകാരം വേര്‍തിരിക്കാം.

(1) ഭരണ നിര്‍വ്വഹണ വിഭാഗം: കൂരിയായുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്ന ദൗത്യം ഈ വിഭാഗത്തെ ഏല്‍പിക്കാം. അതുകൊണ്ട്‌ തന്നെ ഈ വിഭാഗത്തിന്റെ തലവനായ മെത്രാനെ കൂരിയായുടെ പൊതു മോഡറേറ്റര്‍ ആയി നിയമിക്കാം. മാര്‍പാപ്പ, പൗരസ്‌ത്യ തിരുസംഘം, പരിശുദ്ധ സിംഹാസനത്തിലെ മറ്റ്‌ ഓഫീസുകള്‍, മറ്റ്‌ പൗരസ്‌ത്യ സഭകള്‍, സ്വന്തം സഭയിലെ രൂപതകള്‍, എക്‌സാര്‍ക്കേറ്റുകള്‍, മെത്രാന്മാര്‍, മറ്റ്‌ സഭാധികാരികള്‍, സിവില്‍ ഭരണാധികാരികള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, എന്നിവരുമായി ബന്ധപ്പെടുന്ന എല്ലാ കാര്യങ്ങളും ഈ വിഭാഗത്തെ ഏല്‍പിക്കാം. മെത്രാന്‍ സിനഡും, സ്ഥിരസിനഡും കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ പ്രവൃത്തിപഥത്തില്‍ കൊണ്ടുവരിക, ഓരോ കാലഘട്ടത്തില്‍ വ്യത്യസ്‌തങ്ങളായ ഓഫീസുകളില്‍ നിയമിതരാകേണ്ട വ്യക്തികളെക്കുറിച്ച്‌ വേണ്ടത്ര അന്വേഷണങ്ങള്‍ നടത്തി നല്ല തീരുമാനങ്ങളില്‍ എത്താന്‍ സഹായിക്കുക തുടങ്ങി ദൗത്യങ്ങളും ഈ വിഭാഗത്തിന്റെ ചുമതലയാകാം. ഭരണനിര്‍വ്വഹണവുമായി ബന്ധപ്പെട്ട്‌ സിനഡിന്റെയും അസംബ്ലിയുടെയും ഒരുക്കത്തിനായുള്ള കമ്മീഷന്റെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുവാന്‍ ഈ വിഭാഗത്തിന്‌ സാധിക്കും. ഭരണനിര്‍വ്വഹണത്തിന്‌ ആവശ്യമായ എഴുത്തുകള്‍, ഡിക്രികള്‍ എന്നിവ തയ്യാറാക്കി അയ്‌ക്കുന്നതും സഭാ കോടതികളുടെ കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നതും സഭയുടെ ഔദ്യോഗിക ജിഹ്വയായ ബുള്ളറ്റിന്‍, പത്രമാധ്യമങ്ങള്‍ക്ക്‌ വേണ്ടിയുള്ള അറിയിപ്പുകള്‍, പബ്ലിക്‌ റിലേഷന്‍ ഓഫീസ്‌ എന്നിവയും ഈ വിഭാഗത്തിന്റെ ഉത്തരവാദിത്വമാകാം.


(2) വിശ്വാസ സംബന്ധമായ വിഷയങ്ങള്‍ക്കുവേണ്ടിയുള്ള വിഭാഗം: വിശ്വാസ സംരക്ഷണം എന്നത്‌ ഒരു സഭാ വിഭാഗത്തിന്റെ പരമോന്നതമായ ദൗത്യമാണ്‌. ഓരോ സഭയ്‌ക്കും സ്വന്തമായുള്ള ആരാധനാക്രമം, ദൈവശാസ്‌ത്രം, ആധ്യാത്മികത, പ്രത്യേക നിയമങ്ങള്‍, കൂദാശാനുഷ്‌ഠാനങ്ങള്‍, കൂദാശാനുകരണങ്ങള്‍, ചരിത്രം, സംസ്‌കാരം, കല, സാഹിത്യം, മതബോധനം, അജപാലനം, മതസിദ്ധാന്തം, ദൈവാലയ സംവിധാനം, പ്രകൃതിപാലനം തുടങ്ങി അനേക കാര്യങ്ങള്‍ അതിന്റെ തനിമയില്‍ സംരക്ഷിക്കുവാനായി നിരന്തരമായ പരിശ്രമവും സംഘാത പ്രവര്‍ത്തനവും ആവശ്യമാണ്‌.

സഭയുടെ സ്ഥാപകന്‍, സഭയിലെ വിശുദ്ധര്‍, അവരുടെ തിരുശേഷിപ്പുകള്‍, നൊവേനകള്‍, പ്രാര്‍ത്ഥനകള്‍, സഭയ്‌ക്കുവേണ്ടി പ്രവര്‍ത്തിച്ച്‌ സ്വര്‍ഗം പൂകിയവരെ വേണ്ട രീതിയില്‍ ആദരിക്കുന്നതിനുള്ള പരിപാടികള്‍ തുടങ്ങിയവ ഈ വിഭാഗത്തെ ഏല്‍പ്പിക്കാവുന്നതാണ്‌. സഭയുടെ പേരില്‍ ഇറങ്ങുന്ന പ്രാര്‍ത്ഥനകള്‍, ദൈവശാസ്‌ത്രഗ്രന്ഥങ്ങള്‍, വിവിധ സന്യാസസഭകളുടെയും, സംഘടനകളുടെയും നിയമസംഹിതകള്‍ എന്നിവ പഠിച്ച്‌ പ്രസിദ്ധീകരണത്തിനാവശ്യമായ അനുവാദം കൊടുക്കുന്നതും, സഭയിലെ വിശ്വാസപരവും ആരാധനാക്രമപരവുമായ അച്ചടക്കം പാലിക്കുന്ന കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നതും ഈ വിഭാഗത്തിന്റെ ഉത്തരവാദിത്വമാകാം. സഭാനിയമകമ്മീഷന്‍, ആരാധനാക്രമകമ്മീഷന്‍, മതബോധന കമ്മീഷന്‍, സഭാഐക്യത്തിനായുള്ള കമ്മീഷന്‍, ദൈവശാസ്‌ത്ര കമ്മീഷന്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാനും ഈ വിഭാഗത്തിന്‌ കഴിയും.

(3) മാനവശേഷിക്കുവേണ്ടിയുള്ള വിഭാഗം: വ്യത്യസ്‌തങ്ങളായ ജീവിതരീതികള്‍ തിരഞ്ഞെടുത്ത്‌ ജീവിക്കുന്ന ക്രൈസ്‌തവ വിശ്വാസ സമൂഹത്തിന്റെ ആത്മീയ ഭൗതിക ആവശ്യങ്ങളെപ്പറ്റി കേള്‍ക്കാനും, അവര്‍ക്ക്‌ ആവശ്യമായതൊക്കെ ചെയ്യാനുള്ള വിഭാഗമാണ്‌ മാനവശേഷിക്കുവേണ്ടിയുള്ളത്‌. വൈദികര്‍ സന്യാസിനി - സന്യാസികള്‍, മറ്റ്‌ സഭാ സമൂഹങ്ങള്‍, സെമിനാരിക്കാര്‍ എന്നിവരുടെ കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ ഈ വിഭാഗത്തിന്‌ എടുക്കാം. വൃദ്ധര്‍, കുടുംബസ്ഥര്‍, സ്‌ത്രീകള്‍, യുവജനങ്ങള്‍, കുട്ടികള്‍, വിധവകള്‍, വികലാംഗര്‍, ബുദ്ധിമാന്ദ്യം ഉള്ളവര്‍, ദളിതര്‍ തുടങ്ങി വിവിധ വിഭാഗങ്ങളുടെ ആധ്യാത്മികവും ഭൗതികവും മാനസീകവുമായ വളര്‍ച്ചയും ഈ വിഭാഗത്തിന്‌ ലക്ഷ്യം വയ്‌ക്കാം.

വിവിധ സംഘടനകള്‍, കുടിയേറ്റക്കാര്‍, തീര്‍ത്ഥാടകര്‍, അന്യമതസ്ഥര്‍ എന്നിവരുടെ പ്രശ്‌നങ്ങളോടൊപ്പം കൃഷിക്കാര്‍, വ്യവസായികള്‍, രാഷ്‌ട്രീയ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവര്‍, വൈദ്യരംഗത്തും ആതുര ശുശ്രൂഷയിലും ശ്രദ്ധിക്കുന്നവര്‍ തുടങ്ങി സമൂഹനിര്‍മ്മിതിക്കായി പ്രവര്‍ത്തിക്കുന്ന വ്യത്യസ്‌തങ്ങളായ വിഭാഗങ്ങളെ കോര്‍ത്തിണക്കാന്‍ ഈ വിഭാഗത്തിന്‌ സാധിക്കുന്നു. ജനസമ്പര്‍ക്കപരിപാടികളും മാധ്യമങ്ങളിലൂടെയുള്ള പ്രവര്‍ത്തനവും ഊര്‍ജ്ജിതപെടുത്തുവാനും ഈ വിഭാഗത്തിന്‌ ശ്രദ്ധിക്കാം.

മിഷന്‍ പ്രവര്‍ത്തനങ്ങളിലും സുവിശേഷ പ്രഘോഷണത്തിലും ഏര്‍പ്പെടുന്ന വ്യക്തികളെ വേണ്ട രീതിയില്‍ പ്രോത്സാഹിപ്പിക്കാനും സഭാ പ്രവര്‍ത്തനങ്ങളില്‍ മികവ്‌ തെളിയിക്കുന്ന വ്യക്തികളെ കണ്ടുപിടിച്ച്‌ ആദരിക്കാനും ഈ വിഭാഗത്തിന്‌ സാധിക്കും. വൈദികര്‍ക്ക്‌ വേണ്ടിയുള്ള കമ്മീഷന്‍, സന്യാസിനി സന്യാസികളുടെ കമ്മീഷന്‍, യുവജന കമ്മീഷന്‍, കുടുംബത്തിന്‌ വേണ്ടിയുള്ള കമ്മീഷന്‍, സെമിനാരി കമ്മീഷന്‍, സാമൂഹ്യ സമ്പര്‍ക്കകമ്മീഷന്‍, പ്രവാസികളുടെ അജപാലനം, സുവിശേഷവല്‍ക്കരണ കമ്മീഷന്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ ഈ വിഭാഗത്തിന്‌ സാധിക്കും. മേജര്‍ ആര്‍ച്ച്‌ ബിഷപ്പിന്‌ സഭയുടെ വിശ്വാസം സംരക്ഷിക്കുന്ന കരുത്തുറ്റ തൂണുകളും കൂട്ടായ്‌മയില്‍ വളരുന്ന സ്‌നേഹ സമൂഹമായി സഭയെ മാറ്റാന്‍ ഒരൊറ്റ ആത്മാവോടും മനസോടും കൂടി പ്രവര്‍ത്തിക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന ചാലകശക്തിയാകാനും കൂരിയ മെത്രാന്മാര്‍ക്ക്‌ കഴിഞ്ഞാല്‍ സഭാ നിയമത്തിന്റെ ഈ സാധ്യതകള്‍ സാഫല്യമടയും.

No comments: