About Me

My photo
Trichur / Mumbai, Kerala / Maharashtra, India

Sunday 12 June 2011

സീറോ മലബാര്‍ സഭയിലെ മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ ഉത്തരവാദിത്വങ്ങളും കടമകളും

In Sunday Shalom on 10th June 2011

Written by ഫാ. ഫ്രാന്‍സീസ്‌ എലുവത്തിങ്കല്‍ (ചാന്‍സിലര്‍, കല്യാണ്‍ രൂപത)


സീറോ മലബാര്‍ സഭയ്‌ക്ക്‌ പുതിയ തലവന്‍. ഈ അവസരത്തില്‍ സീറോ മലബാര്‍ സഭയിലെ മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ ഉത്തരവാദിത്വങ്ങളും കടമകളും വിശദമാക്കുകയാണിവിടെ...

പൊതു അധികാരങ്ങള്‍: സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പിന്‌ സഭയിലെ അല്‌മായര്‍, സന്യാസിനീ സന്യാസികള്‍, വൈദികര്‍, മെത്രാന്മാര്‍ എന്നിവരുടെ മേല്‍ സഭാനിയമം അനുശാസിക്കുന്ന അധികാരങ്ങള്‍ ഉണ്ടായിരിക്കും.
ഒരു മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ അധികാരം ഉദ്യോഗസഹജവും സ്വകീയവും വ്യക്തിപരവും ആണ്‌. മേജര്‍ ആര്‍ച്ചുബിഷപ്പിന്‌ അദ്ദേഹത്തിന്റെ നിശ്ചിതമായ അധികാരസീമയ്‌ക്കുള്ളില്‍ മാത്രമേ നിയമസാധുതയോടെ പ്രവര്‍ത്തിക്കാനാവൂ. സീറോ മലബാര്‍ സഭയുടെ അധികാരസീമ അഞ്ച്‌ അതിരൂപതകളുടെയും അവയുടെ സാമന്തരൂപതകളുടെയും ഉള്ളില്‍ മാത്രമായി തിരുസിംഹാസനം നിജപ്പെടുത്തിയിരുന്നു. സീറോ മലബാര്‍ സഭ ഒരു നൈയാമിക വ്യക്തിയായതുകൊണ്ട്‌ എല്ലാ നൈയാമിക പ്രവര്‍ത്തനങ്ങളിലും സഭയെ പ്രതിനിധീകരിക്കുന്നത്‌ മേജര്‍ ആര്‍ച്ചുബിഷപ്പാണ്‌.

പ്രബോധന അധികാരങ്ങള്‍:

മേജര്‍ ആര്‍ച്ചുബിഷപ്പിന്‌ താഴെ പറയുന്ന അധികാരങ്ങള്‍ ഉണ്ട്‌.

കല്‍പനകള്‍ പുറപ്പെടുവിക്കുവാന്‍: അക്ഷരാര്‍ത്ഥത്തില്‍ കല്‍പനകള്‍ നിയമമല്ലെങ്കിലും അത്‌ നിയമത്തെ പൂരകമാക്കുന്നതിനോ എപ്രകാരം നിയമം നടപ്പിലാക്കണമെന്ന്‌ വ്യക്തമാക്കുന്നതിനോ നിയമത്തെക്കുറിച്ചുള്ള വിവരണം നല്‍കുന്നതിനോ ഉപയോഗിക്കുന്നു.


ഔദ്യോഗിക വ്യാഖ്യാനം: മെത്രാന്മാരുടെ സിനഡിനുശേഷം ഒരു നിയമത്തിന്‌ ഔദ്യോഗികവ്യാഖ്യാനം ആവശ്യമായി വന്നാല്‍ അതു നല്‍കുവാന്‍ മേജര്‍ ആര്‍ച്ചുബിഷപ്പിന്‌ അധികാരമുണ്ടായിരിക്കും.


നിര്‍ദ്ദേശങ്ങള്‍ നല്‍കുക: സഭാതനയരുടെ ആത്മീ യ ഉന്നമനത്തിനായി തെറ്റുകള്‍ തിരുത്താനും ഭക്താഭ്യാസങ്ങള്‍ പ്രോത്സാഹിപ്പിക്കാനും സത്യവിശ്വാസം വിശദീകരിക്കാനും നിര്‍ദ്ദേശങ്ങള്‍ നല്‍കാവുന്നതാണ്‌.


ചാക്രികലേഖനങ്ങള്‍: സഭയെക്കുറിച്ചോ സഭയുടെ റീത്തിനെക്കുറിച്ചോ വിശദീകരിക്കുന്ന ചാക്രികലേഖനങ്ങള്‍ നല്‍കുവാന്‍ കഴിയും.

മേല്‍പറഞ്ഞവ സഭയുടെ സ്ഥാപനങ്ങളിലും ദേവാലയങ്ങളിലും നിര്‍ബന്ധമായി പരസ്യപ്പെടുത്തണമെന്ന്‌ ആവശ്യപ്പെടാന്‍ മേജര്‍ ആര്‍ച്ചുബിഷപ്പിന്‌ അധികാരമുണ്ട്‌.
ആലോചന, സന്ദര്‍ശനം, സഹകരണം

സഭയുടെ പൊതുജീവിതത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ അതിന്റെ സ്വഭാവമനുസരിച്ച്‌ സ്ഥിരം സിനഡിനോടോ മെത്രാന്‍ സിനഡിനോടോ സഭാ അസംബ്ലിയോടോ ആലോചിച്ച്‌ വേണം മേജര്‍ ആര്‍ച്ചുബിഷപ്പ്‌ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍. മെത്രാന്മാര്‍ തങ്ങളുടെ രൂപതകളില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്നതുപോലെ സഭയിലെ രൂപതകളിലും മറ്റു സംസ്ഥാനങ്ങളിലും ഔദ്യോഗിക സന്ദര്‍ശനം മേജര്‍ ആര്‍ച്ചുബിഷപ്പിന്‌ നടത്താവുന്നതാണ്‌. വളരെ അത്യാവശ്യമുള്ള സാഹചര്യങ്ങളില്‍ അസാധാരണ സന്ദര്‍ ശനം നടത്താന്‍ മേജര്‍ ആര്‍ച്ചുബിഷപ്പിന്‌ അധികാരമുണ്ട്‌. അത്തരം സന്ദര്‍ഭങ്ങളില്‍ നിര്‍ദ്ദേശങ്ങള്‍ കൊടുക്കാനും തെറ്റുകള്‍ തിരുത്തുവാനുമൊക്കെ അദ്ദേഹത്തിന്‌ അധികാരമുണ്ട്‌. കൂടാതെ സഭയ്‌ക്കുള്ളിലും വ്യത്യസ്‌തമായ കത്തോലിക്കാ, അകത്തോലിക്കാ സഭാ വിഭാഗങ്ങളുമായി സഹകരണവും ഐക്യവും വളര്‍ത്തുവാനുള്ള ഉത്തരവാദിത്വവും മേജര്‍ ആര്‍ച്ചുബിഷപ്പിനുണ്ട്‌.


സഭാത്മകമായ അധികാരപരിധി:
തക്കതായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ ഒരു രൂപതയോ അതിരൂപതയോ സ്ഥാപിക്കാനും നിര്‍ത്തലാക്കാനും അതിര്‍ത്തികള്‍ പുനഃക്രമീകരിക്കാനും മെത്രാന്‍ സിനഡിന്റെ അനുവാദത്തോടും അപ്പസ്‌തോലിക സിംഹാസനത്തിന്റെ ആലോചനയോടും കൂടെ മേജര്‍ ആര്‍ച്ചുബിഷപ്പിന്‌ അധികാരമുണ്ട്‌.
മെത്രാന്‍ സിനഡിന്റെ അനുവാദത്തോടെ മേജര്‍ ആര്‍ച്ചുബിഷപ്പിന്‌ താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്യാനാകും.
രൂപതാ മെത്രാന്‍ ആവശ്യപ്പെടുകയാണെങ്കില്‍ ഒരു സഹായമെത്രാനെ നല്‍കാം.

പിന്‍തുടര്‍ച്ചാവകാശമുള്ള മെത്രാനെ നിയമിക്കാം.


മെത്രാപ്പോലീത്തായെയോ മെത്രാനെയോ മറ്റു മെത്രാന്മാരെയോ അദ്ദേഹത്തിന്റെ അനുവാദത്തോടെ സ്ഥലം മാറ്റാനാകും.

കാനോനിക നിയമനം, മെത്രാഭിഷേകം, സ്ഥാനാരോഹണം

തന്റെ അധികാരസീമയില്‍പ്പെട്ട മെത്രാപ്പോലീത്തമാര്‍ക്കും മെത്രാന്മാര്‍ക്കും എക്‌സാര്‍ക്കുമര്‍ക്കും കാനോനിക നിയമനം നല്‍കുവാന്‍ മേജര്‍ ആര്‍ച്ചുബിഷപ്പിന്‌ അധികാരമുണ്ട്‌. മെത്രാപ്പോലീത്താമാരെ അഭിഷേകം ചെയ്യാന്‍ വ്യക്തിപരമായോ മറ്റാരെങ്കിലും വഴിയോ സാധിക്കും. മെത്രാപ്പോലീത്തമാരുടെ സ്ഥാനാരോഹണം നടത്താന്‍ മേജര്‍ ആര്‍ച്ചുബിഷപ്പിന്‌ ആണ്‌ അധികാരമുള്ളത്‌. തന്റെ അധികാരസീമയ്‌ക്ക്‌ പുറത്ത്‌ മാര്‍പാപ്പയാല്‍ നിയമിതരാകുന്ന മെത്രാപ്പോലീത്തമാരെയും മെത്രാന്മാരെയും അഭിഷേകം ചെയ്യാനും സ്ഥാനാരോഹണം നടത്താനും മേജര്‍ ആര്‍ച്ചുബിഷപ്പിനാണ്‌ അധികാരം. മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കൂരിയായില്‍ താമസസൗകര്യം നല്‍കികൊണ്ട്‌ മൂന്നു കൂരിയാ മെത്രാന്മാരെ വിവിധ ദൗത്യങ്ങള്‍ ഏല്‍പിക്കാന്‍ മേജര്‍ ആര്‍ച്ചുബിഷപ്പിന്‌ കഴിയും. അവര്‍ക്ക്‌ വേണ്ട സഹായസൗകര്യങ്ങള്‍ മേജര്‍ ആര്‍ച്ചുബിഷപ്‌ ഏര്‍പ്പെടുത്തണം എന്നു മാത്രം.

മെത്രാന്മാരും വൈദികരുമായുള്ള ബന്ധം:
മെത്രാന്മാരുടെ ഇടയില്‍ വ്യത്യസ്‌താഭിപ്രായങ്ങളോ ആശയങ്ങളില്‍ ഭിന്നതയോ ഉണ്ടായാല്‍ അത്‌ ഏറ്റം നല്ലതെന്നു തോന്നുന്ന രീതിയില്‍ പരിഹരിക്കാന്‍ മേജര്‍ ആര്‍ച്ചുബിഷപ്പിന്‌ കടമയുണ്ട്‌. സഭയുടെ പൊതു ആവശ്യങ്ങള്‍ക്കായി വൈദികരെ നിയമിക്കാനായി അവരുടെ മെത്രാനോടോ അധികാരിയോടോ അനുവാദം വാങ്ങിയതിനുശേഷം മേജര്‍ ആര്‍ച്ചുബിഷപ്പിന്‌ നിയമിക്കാം. അപ്രകാരമുള്ള വൈദികരെ അവരുടെ സേവന കാലഘട്ടത്തില്‍ തന്റെ നേരിട്ടുള്ള അധികാരത്തിന്‍കീഴില്‍ കൊണ്ടുവരാവുന്നതാണ്‌. സഭയില്‍ സ്‌തുത്യര്‍ഹമായ സേവനം ചെയ്യുന്ന വൈദികര്‍ക്ക്‌ അവരുടെ മെത്രാന്റെയോ അധികാരിയുടെയോ അനുവാദത്തോടെ പദവികള്‍ നല്‍കാവുന്നതാണ്‌.

ആരാധനാക്രമ വിഷയവുമായി ബന്ധപ്പെട്ടത്‌:
സഭയിലെ എല്ലാ വൈദികരും മെത്രാന്മാരും ആരാധനാക്രമത്തിനും മറ്റു പ്രാര്‍ത്ഥനകള്‍ക്കുമിടയില്‍, പുസ്‌തകങ്ങളില്‍ നിര്‍ദ്ദേശിക്കുന്നപോലെ മേജര്‍ ആര്‍ച്ചുബിഷപ്പിനെ ഓര്‍ത്തു പ്രാര്‍ത്ഥിക്കുവാന്‍ കടപ്പെട്ടിരിക്കുന്നു. ഈ ഓര്‍മ്മ ഒരു പ്രാര്‍ത്ഥനപോലെതന്നെ മേജര്‍ ആര്‍ച്ചുബിഷപ്പുമായുള്ള ഐക്യത്തെ വിളിച്ചോതുന്നു. അതുകൊണ്ടുതന്നെ മേജര്‍ ആര്‍ച്ചുബിഷപ്പിനെ ബോധപൂര്‍വം പ്രാര്‍ത്ഥനയില്‍ നിന്ന്‌ ഒഴിവാക്കുന്നവര്‍ക്ക്‌ നിയമപരമായ ശിക്ഷ ലഭിക്കാവുന്നതാണ്‌. അതുപോലെതന്നെ ആരാധനാക്രമത്തില്‍ മേജര്‍ ആര്‍ച്ചുബിഷപ്പും മാര്‍പാപ്പയ്‌ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും തന്റെ സഭയിലെ മെത്രാന്മാരും വൈദികരും മാര്‍പാപ്പയെ ഓര്‍ക്കുന്നു എന്ന്‌ ഉറപ്പുവരുത്തുകയും ചെയ്യേണ്ട ഉത്തരവാദിത്വം മേജര്‍ ആര്‍ച്ചുബിഷപ്പിന്‌ ഉണ്ട്‌. പുതിയ മേജര്‍ ആര്‍ച്ചുബിഷപ്‌ തെരഞ്ഞെടുക്കപ്പെട്ടാല്‍ ഉടനെ മാര്‍പാപ്പയോട്‌ വിധേയത്വവും വിശ്വസ്‌തതയും പുലര്‍ത്തിക്കൊള്ളാമെന്ന്‌ വിശ്വാസപ്രഖ്യാപനത്തോടുകൂടി എഴുതി അറിയിക്കേണ്ടതാണ്‌. പ്രത്യേക നിയമത്തില്‍ ആവശ്യപ്പെടുന്ന ദിവസങ്ങളിലെല്ലാം മേജര്‍ ആര്‍ച്ചുബിഷപ്‌ സഭയ്‌ക്കുവേണ്ടി വിശുദ്ധ ബലിയര്‍പ്പിച്ച്‌ പ്രാര്‍ത്ഥിക്കുവാന്‍ കടപ്പെട്ടവനാണ്‌. സഭയുടെ ആരാധനക്രമം അതിന്റെ കൃത്യവും നിയതവുമായ വിധത്തില്‍ നടത്തപ്പെടുന്നു എന്ന്‌ ഉറപ്പു വരുത്തുവാന്‍ ഉള്ള കടമയും മേജര്‍ ആര്‍ച്ചുബിഷപ്പിനുണ്ട്‌.

രാഷ്‌ട്രാധികാരികളുമായുള്ള ഉടമ്പടികള്‍:

സഭയുടെ പ്രതിനിധി എന്ന നിലയില്‍ സിനഡ്‌ പിതാക്കന്മാരുടെ അനുവാദത്തോടും മാര്‍പാപ്പയുമായുള്ള ധാരണയോടും രാഷ്‌ട്രാധികാരികളുമായി ഉടമ്പടിയില്‍ ഏര്‍പ്പെടാന്‍ മേജര്‍ ആര്‍ച്ചുബിഷപ്പിന്‌ സാധിക്കും. അപ്രകാരമുള്ള ഉടമ്പടികള്‍ സഭാനിയമത്തിന്‌ വിരുദ്ധമാകരുത്‌ എന്നു മാത്രം. പല രൂപതകളെയും രാഷ്‌ട്രാധികാരികളെയും സംബന്ധിക്കുന്ന വിഷയമാകുമ്പോള്‍ ഉടമ്പടിയില്‍ ഏര്‍പ്പെടുന്നതിനുമുമ്പ്‌ മേജര്‍ ആര്‍ച്ചുബിഷപ്‌ അക്കാര്യത്തില്‍ ഉള്‍പ്പെടുന്നവരുമായും നിയമം അനുശാസിക്കുന്ന മറ്റു വ്യക്തികളുമായും ധാരണ ഉണ്ടാക്കേണ്ടതാണ്‌.

മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കൂരിയ:
തന്നെ ഭരണകാര്യങ്ങളില്‍ സഹായിക്കാന്‍ സഭയുടെ ആസ്ഥാനത്ത്‌ ഒരു കൂരിയ വേണമെന്ന്‌ നിയമം നിഷ്‌കര്‍ഷിക്കുന്നു.
തന്റെ ഉത്തരവാദിത്വത്തിലുള്ള രൂപതയുടെ കാര്യങ്ങള്‍ നിര്‍വഹിക്കാന്‍, വേറൊരു കൂരിയാ കഴിയുന്നിടത്തോളം വ്യത്യസ്‌തരായ വ്യക്തികളോടുകൂടി പ്രവര്‍ത്തിക്കേണ്ടതാണ്‌. കൂരിയയില്‍ പ്രവര്‍ത്തിക്കുവാന്‍ ഉള്ള വൈദികരെയോ സന്യസ്‌തരെയോ തിരഞ്ഞെടുക്കുമ്പോള്‍ അവരുടെ മെത്രാനോടോ അധികാരികളോടോ അനുവാദം വാങ്ങിയിരിക്കണം എന്നു മാത്രം.

ഒരു രൂപതാ മെത്രാന്റെ അധികാരങ്ങളും

മേജര്‍ ആര്‍ച്ചുബിഷപ്പിന്‌ താഴെ പറയുന്ന കാര്യങ്ങളില്‍ ഒരു രൂപതാമെത്രാന്റെ അധികാരങ്ങള്‍ ഉണ്ടായിരിക്കും.
1) മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ രൂപതയില്‍.
2) തന്റെ അധികാരസീമയ്‌ക്കുള്ളില്‍ രൂപതയോ എക്‌സാര്‍ ക്കിയോ സ്ഥാപിക്കാത്ത സ്ഥലങ്ങളില്‍.
3) സ്വയംഭരണാധികാരമുള്ള മൊണസ്‌ട്രിക്കുള്ളില്‍.
4) തന്റെ അധികാരസീമയില്‍ ഒരു രൂപതയുടെ മെത്രാന്‍ സ്ഥാനം ഒഴിവായാല്‍ ഒരു അഡ്‌മിനിസ്‌ട്രേറ്ററെ നിയമിക്കുന്നതുവരെ.
മറ്റ്‌ അധികാരങ്ങള്‍
1) മേജര്‍ ആര്‍ച്ചുബിഷപ്‌ തനിക്കായുള്ള താമസസ്ഥലത്ത്‌ ഉണ്ടായിരിക്കേണ്ടതാണ്‌. കാനോനിക കാരണത്താല്‍ അല്ലാതെ അവിടെനിന്ന്‌ വിട്ടുനില്‍ക്കാന്‍ പാടില്ല.
3) റോമന്‍ മാര്‍പാപ്പയ്‌ക്ക്‌ നിയമപരമായി സമര്‍ പ്പിക്കേണ്ട റിപ്പോര്‍ട്ടുകള്‍ സമയാസമയങ്ങളില്‍ സമര്‍പ്പിക്കണം.
4) തന്റെ അധികാരപരിധിക്കുള്ളിലുള്ള സ്ഥാപനങ്ങളുടെയും സ്ഥാവരജംഗമവസ്‌തുക്കളുടെയും കൃത്യമായ ഉപയോഗം ഉറപ്പുവരുത്തുവാന്‍ ഉള്ള ഉത്തരവാദിത്വം മേജര്‍ ആര്‍ച്ചുബിഷപ്പിന്‌ ഉണ്ട്‌.
5) രൂപതാമെത്രാന്മാരുടെ സാന്നിധ്യം അവരവരുടെ രൂപതകളില്‍ ഉണ്ടെന്ന്‌ ഉറപ്പുവരുത്തുവാനും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ശക്തി പകരുവാനും ശ്രദ്ധിക്കേണ്ടതാണ്‌.
6) മെത്രാപ്പോലീത്തയോ മെത്രാന്മാരോ നടത്തേണ്ട നിയമനങ്ങള്‍, പ്രത്യേകമായി ധനകാര്യസ്ഥന്റെ നിയമനത്തില്‍ തടസം നേരിട്ടാല്‍, അക്കാര്യങ്ങളില്‍ ഇടപെടുകയും നിയമനം നടന്നു എന്ന്‌
ഉറപ്പുവരുത്തണം.